ചേലക്കര (തൃശൂർ): മന്ത്രിസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ ബാറുകളുടെ സമയം ദീര്ഘിപ്പിച്ച തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയുമായി തൃശൂർ ജില്ലാ അതിർത്തിയായ ചേലക്കരയിലെത്തിയ സതീശൻ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
ബാറുകളുടെ സമയം ഏകീകരിക്കണമെന്ന ആവശ്യം നേരത്തേതന്നെ ബാറുടമകൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് അവസരത്തിൽ ഇത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ ദുരൂഹത ആരോപിക്കപ്പെടും. ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുപോലും ബാറുകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പാലക്കാട് ബ്രൂവറിക്കു ഡല്‍ഹിയില്‍നിന്ന് ഒരു കമ്പനി അപേക്ഷ നല്കിയപ്പോള് റോക്കറ്റ് വേഗത്തിലാണ് അനുമതി നല്‍കിയത്. പത്തുവര്‍ഷംകൊണ്ട് ആയിരത്തോളം ബാറുകളാണ് അനുവദിച്ചത്. എല്ലായിടത്തും റീട്ടെയില്‍ ഔട്ട്ലെറ്റുകളുമുണ്ട്. മദ്യവ്യാപനം കേരളത്തെ ദോഷകരമായി ബാധിക്കും. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ നടപ്പാക്കാവൂവെന്നും സതീശൻ പറഞ്ഞു.
“നികുതിപ്പണം ഡിവൈഎഫ്ഐക്കാര്‍ക്കും സിപിഎമ്മുകാര്‍ക്കും നല്കുന്നു”
എന്തൊരു നാണംകെട്ട രീതിയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ തെരഞ്ഞെടുപ്പിനുവേണ്ടി സിപിഎം ദുരുപയോഗം ചെയ്യുന്നതെന്ന് വി.ഡി. സതീശൻ. നവകേരള സര്‍വേ സംബന്ധിച്ച പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണു കോടതി വിധി. മുഖ്യമന്ത്രിയുടെ പ്രസംഗവും അതുതന്നെയാണു സൂചിപ്പിക്കുന്നത്. സര്‍ക്കാരിനു ജനങ്ങള്‍ നികുതിയായി നല്കുന്ന പണം ഉപയോഗിച്ചു സർവേ നടത്തി തുടര്‍ഭരണം ഉറപ്പാക്കണമെന്നാണു നിര്‍ദേശിച്ചത്. നികുതിപ്പണം എടുത്ത് ഡിവൈഎഫ്ഐക്കാര്‍ക്കും സിപിഎമ്മുകാര്‍ക്കും നല്‍കുകയാണ്.
നാട്ടുകാരുടെ ചെലവില്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുന്ന നാണംകെട്ട പരിപാടിയെയാണു പ്രതിപക്ഷം കോടതിയില്‍ ചോദ്യംചെയ്തത്.
തുടര്‍ഭരണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ലഘുലേഖകള്‍ ട്രൈബല്‍ കോളനികളില്‍ വിതരണം ചെയ്യാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരിക്കുകയാണെന്നും ഇതും കോടതിയില്‍ ചോദ്യംചെയ്യുമെന്നും സതീശൻ പറഞ്ഞു.
“ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യം ലഭിക്കാന്‍ എസ്ഐടി സൗകര്യമൊരുക്കി”
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെ മുഴുവന്‍പേരും പുറത്തിറങ്ങുമെന്നും അന്വേഷണം പ്രഹസനമായി മാറുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകളുണ്ടാകുമോ? അവസാനം തെളിവുകളില്ലാതെ സ്വര്‍ണക്കൊള്ള കേസ് ഇല്ലാതാകുമെന്ന ഉത്കണ്ഠയാണ് നിയമസഭയില്‍ പങ്കുവച്ചത്. സുപ്രീംകോടതിപോലും ജാമ്യം നിഷേധിച്ച കേസിലാണ് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ എസ്ഐടി സൗകര്യം ഒരുക്കിക്കൊടുത്തതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.